ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മൾഹ അഥവാ അഭയസ്ഥാനം എന്ന് അർത്ഥം വരുന്ന ഹീബ്രു ഭാഷയിൽ നിന്നാണ് മാള എന്ന പേരുണ്ടായത് . യഹൂദന്മാരുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ടായിരുന്നു എന്നത് ഈ പേരിൽ നിന്നു തന്നെ വ്യക്തമാണ്. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ മാളയുടെ ഹൃദയഭാഗത്ത് അധിവസിച്ചു പോന്ന യഹൂദന്മാരുടെ ചരിത്രവുമായി ഈ ഗ്രാമത്തിന്റെ പ്രാദേശിക സംസ്കാരം ഇഴ ചേർന്നു കിടക്കുന്നു. ജൂത തെരുവായി അറിയപ്പെട്ടിരുന്ന ഈ പ്രദേശം എന്നും വലിയ മാറ്റങ്ങൾ ഇല്ലാതെ മാള അങ്ങാടിയായി നിലകൊള്ളുന്നു. തെരുവിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് യഹൂദന്മാരുടെ ആരാധനാലയമായ സിനഗോഗ് സ്ഥിതി ചെയ്യുന്നത്. പള്ളിക്കുള്ളിലെ ശില്പ കലയും ചിത്രപ്പണിയും യഹൂദ സംസ്കാരത്തിന്റെ കലാ പാരമ്പര്യത്തെ എടുത്ത് കാണിക്കുന്നു. യഹൂദന്മാരുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകൾ പഞ്ചായത്ത് മതിൽകെട്ടി ഇന്നും സംരക്ഷിച്ചു പോരുന്നു. വളരെ പണ്ടുമുതൽ തന്നെ യഹൂദന്മാരുടെ ഉപജീവനമാർഗ്ഗം കച്ചവടം ആയിരുന്നു. മതസൗഹാർദ്ദത്തിന്റെ നിത്യ സ്മാരകം എന്നോണം യഹൂദ തെരുവിന്റെ തെക്കുഭാഗത്ത് മുഹിയുദ്ധീൻ പള്ളി സ്ഥിതി ചെയ്യുന്നു. അതിന്റെ പരിസരങ്ങളിൽ മുസ്ലീങ്ങൾ താമസിച്ചിരുന്നത് കൊണ്ട് മുസ്ലിം തെരുവെന്നാണ് അവിടെ അറിയപ്പെടുന്നത്. പടിഞ്ഞാറ് ഭാഗത്ത് വള്ളപ്പണി എടുത്തു പോകുന്ന പടന്ന സമുദായത്തിൽ പെട്ടവർ താമസിച്ചിരുന്നത് കൊണ്ട് പടന്ന കോളനി (വള്ളോൻ സ്മാരക കോളനി)യെന്നും വടക്കുഭാഗം ദേവാലയ പരിസരം ക്രിസ്ത്യൻ കേന്ദ്രമായും കിഴക്ക് ഭാഗത്ത് താമസിച്ചിരുന്നത് ഗനസ സാരസ്വത ബ്രാഹ്മണ (കൊങ്കിണി) സമുദായക്കാർ ആയിരുന്നതുകൊണ്ട് കൊങ്കിണി ഭാഗമായും അറിയപ്പെട്ടിരുന്നു ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് കൂട്ടമായി താമസിച്ചിരുന്ന കുടുംബി സമുദായത്തിൽ പെട്ടവരുടെ സ്ഥലം അറിയപ്പെട്ടിരുന്നത് കുടുംബി പ്രദേശമായാണ് .മാളയിലെ ചിരപുരാതനമായ മുഹിയുദ്ദീൻ പള്ളി ഹിജ്റ വർഷം 61 ൽ സ്ഥാപിതമായതാണെന്ന് പറയപ്പെടുന്നു. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന മാരേക്കാട് പ്രദേശത്തുള്ള ഉമ്മർ ഫാറൂഖ് ജുമാ മസ്ജിദിന് 9 പതിറ്റാണ്ട് പഴക്കമുണ്ട്. ചക്കാലമറ്റത്ത് കാണിച്ചായി തോമ ഇട്ടൂപ്പ് എന്ന ഔദാര്യ നിധി സുറിയാനി കർമലീത്ത സഭയുടെ ആശ്രമ സ്ഥാപനത്തിനായി പടനായർ കോട്ടപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിശാലമായ സ്ഥലവും നൂറിൽപരം പറക്ക് നിലവും ഇഷ്ടദാനമായി നൽകുകയുണ്ടായി. ആ സ്ഥലത്ത് 1868 ൽ ഒരു ആശ്രമം സ്ഥാപിച്ചു അതാണ് അമ്പഴക്കാട് കൊവേന്ത എന്നറിയപ്പെട്ടിരുന്ന കോട്ടക്കൽ സെന്റ് തെരേസാസ് ആശ്രമം. ദൈവദാസി മറിയം ത്രേസ്സ്യയെ അടക്കം ചെയ്തിരിക്കുന്ന കബറിടം കുഴിക്കാട്ടുശ്ശേരിയിൽ ചെയ്യുന്ന തീർത്ഥാടന കേന്ദ്രമാണ്. ടിപ്പുസുൽത്താന്റെ കോട്ട അമ്പഴക്കാട് മുതൽ വട്ടക്കോട്ട വരെ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഇത് നിശേഷം ഇല്ലാതായിരിക്കുന്നു. പാമ്പിൻമേയ്ക്കാട് തെക്കേ ഇന്ത്യയിൽ പരക്കെ അറിയപ്പെടുന്ന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ്. വർഷം തോറും വൃശ്ചികം ഒന്നാം തീയതി പ്രത്യേക ആരാധന ദിനമാണ്. കേരളത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും നോമ്പും വൃതവും അനുഷ്ഠിച്ച് പണ്ടുകാലം മുതലേ തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. പതിയാരി ക്ഷേത്രം, അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം, സ്ഫടികം ശിവ ക്ഷേത്രം, പഴൂക്കര പേരുകാവ് ഭഗവതി ക്ഷേത്രം, വലിയപറമ്പ് ഭഗവതി ക്ഷേത്രം, അതിയാരത്ത് ശ്രീഭുവനേശ്വരി ക്ഷേത്രം, ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അന്നപൂർണേശ്വരി ക്ഷേത്രം, തിരുത്തി കുളങ്ങര ഭഗവതി ക്ഷേത്രം, കലിക്കൽ ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ. പ്രൗഢഗംഭീരമായ ഒരു പ്രാചീന കച്ചവട കേന്ദ്രമായിരുന്നു മാള ടൗൺ. കാർഷിക ഉത്പന്നങ്ങളായ കുരുമുളക്, വെറ്റില, അടക്ക, മരച്ചീനി എന്നിവയും തേക്കിൻ തടി, വെട്ടുകല്ല് ,ഇല്ലിമുള്ള്, തുകൽ, കരിങ്കല്ല് എന്നിവയും മാള കടവിൽ നിന്ന് കെട്ടുവള്ളങ്ങളിൽ ജല മാർഗ്ഗം തിരുവിതാംകൂറിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തേക്കും പ്രധാന വ്യവസായ തുറമുഖമായ കൊച്ചിയിലേക്കും മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലേക്കും കയറ്റി അയച്ചിരുന്നുപകരം അരി ,ഉപ്പ് തുടങ്ങിയ പലചരക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. കടവിനടുത്ത് ചന്തയുണ്ടായിരുന്നു. ഇവിടെ നിന്ന് കാളവണ്ടിയിൽ അരിയും പലചരക്ക് സാധനങ്ങളും ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഹൈക്കോടതി പണിയാൻ ഉപയോഗിച്ച് വെട്ടുകല്ല് മാളയിൽ നിന്നാണ് കൊണ്ടുപോയതെന്ന് പഴമക്കാർ പറയുന്നു. ബോട്ട് സർവീസ് നടത്തിയിരുന്ന മാളക്കടവ് ഇന്ന് നിശ്ചലമാണ്. ഭൂസ്വത്തുക്കൾ മുഴുവനായും കോടശ്ശേരി കർത്ത, പാമ്പ്യക്കാട്ടുമന, കരിങ്ങാപ്പിള്ളി സ്വരൂപം. പാലിയം, തിരുവഞ്ചിക്കുളം ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, ശ്രീകുറുമ്പ ഭഗവതി ദേവസ്വം എന്നീ ജന്മി പ്രഭുക്കന്മാർ അധീനപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. ഇവർ ഭൂമി ഭൂപ്രമാണിമാർക്കായി വീതിച്ചു കൊടുത്തു. കുടികിടപ്പുകാർക്ക് പുറമേ കൃഷിക്കാരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തുപോന്നിരുന്നു.  സാമൂഹ്യ നവോത്ഥാന മുന്നേറ്റം രാജ്യമെമ്പാടും ഉയർന്നുവന്നു. പാമ്പിൻ മേക്കാട്ടിലെ അന്നത്തെ വലിയ നമ്പൂതിരിക്കെതിരായി ഹരിജനങ്ങളും പിന്നോക്കക്കാരും അണിനിരന്ന സമരം നടന്നിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ഇവിടെയും നിലനിന്നിരുന്നു. ജന്മിത്തത്തിന് എതിരായി ഹരിജനങ്ങളും പിന്നോക്കക്കാരും അണിനിരന്ന സമരം നടക്കുകയുണ്ടായി. ജന്മിമാര്‍ക്കെതിരായുള്ള ഈ പഞ്ചായത്തിലെ ആദ്യത്തെ സമരം ആയിരുന്നു അത്. ഈ സമരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എ.കെ. ഗോപാലന് കൊച്ചിയിലെ നിരോധനത്തെ തുടർന്ന് പങ്കെടുക്കാൻ കഴിഞ്ഞില്ല. പി കെ ചാത്തൻ മാസ്റ്റർ, എംപി വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. പൊതുനിരത്തിൽ കൂടി അവർണ്ണ സമുദായത്തിൽപ്പെട്ടവർക്ക് യാത്രാ സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടി സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമരത്തിന് നേതൃത്വം കൊടുത്തു സവർണ്ണ ജാതിക്കാരും ഉണ്ടായിരുന്നു. പാലിയം സമരത്തിന് അനുഭാവവും പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളികൾ പാലിയം നടയിലേക്ക് ജാഥ നയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ തൊഴിലാളി തൊഴിലാളികളുടെതാണ്. ഏറ്റവും കൂടുതൽ ചെത്തുതൊഴിലാളികളും പഞ്ചായത്തിൽ ആയിരുന്നു. പ്രജാമണ്ഡലം പ്രവർത്തനങ്ങൾക്ക് കെ.കരുണാകരൻ നേതൃപരമായ പങ്കുവെച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന് പഞ്ചായത്തിൽ നിന്നും എം.ടി ലാസർ, കെ.എ തോമസ് മാസ്റ്റർ അതിയാരത്ത് എ പി ശങ്കരൻ അതിയാരത്ത് എ.കെ.രാമൻസഹോദരൻ അയ്യപ്പന്റെ ജേഷ്ഠപുത്രൻ കെ കെ കുമാരൻ വൈദ്യർ , കെ.കെ. പപ്പു മാസ്റ്റർ, കരിയാട് പൈലി എന്നിവർ  സ്മരിക്കപ്പെടേണ്ടവരാണ്. രാജ്യത്താകെ ഉയർന്നു വന്നിട്ടുള്ള ജന്മിത്തിനും നാടുവാഴിത്തത്തിനും എതിരായുള്ള പോരാട്ടം ഈ പഞ്ചായത്തിൽ വിവിധ രൂപത്തിൽ അലയടിച്ചു. ഇവയെല്ലാം തന്നെ സാമ്രാജ്യത്വത്തിനെതിരായുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തീർന്നു. ഇത്തരം സമരങ്ങൾ ഈ പഞ്ചായത്തിലെ ട്രേഡ് യൂണിയൻ, കർഷക പ്രസ്ഥാനങ്ങൾക്ക് അടിത്തറ നൽകി. ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് ഈ പഞ്ചായത്തിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഭൂമി ലഭിച്ചതിന്റെ ഭാഗമായി അവർ ഭൂമിയുടെ അവകാശികളായി മാറി. സ്വന്തമായി ഭൂമി ലഭിച്ചതിനെ തുടർന്ന് കർഷകർ ഉത്സാഹപൂർവ്വം കാർഷിക മേഖലയിൽ ശ്രദ്ധ പതിപ്പിക്കുകയും ഉൽപാദന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനിടയാക്കുകയും ചെയ്തു.